Tuesday, June 2, 2009

അന്തോനിക്കുഞ്ഞും ഇവാന്‍ മാലാഖയും - ഒരു പരലോക യാത്രാവിവരണം

വെളുപ്പിന് ഒരു നാല് മണി ആയിക്കാണും .കട്ടിലില്‍ കിടന്ന അന്തോനിക്കുഞ്ഞു ഞെട്ടലോടെ ആ സത്യം തിരിച്ചറിഞ്ഞു. . താന്‍ മരിച്ചു കഴിഞ്ഞിരിക്കുന്നു .എല്ലാം അറിയുന്നുണ്ട് ,പക്ഷെ ചലിക്കാന്‍ കഴിയുന്നുമില്ല.. ദൈവമേ ഇനി വെളിച്ചം വീഴേണ്ടിയിരിക്കുന്നു ആരെങ്കിലും കാണാന്‍ .ഒടുക്കത്തെ ഒപ്രീശ്മ ഒട്ടു കിട്ടിയതുമില്ല ...അയാള്‍ വെപ്രാളപ്പെട്ടു .

പൊതുവെ സംതൃപ്തനായാണ് മരിച്ചതെന്കിലും 21 ആം വയസ്സില്‍ ചെയ്ത ആ തെറ്റ് അയാളെ അലട്ടിയിരുന്നു .ആറാം പ്രമാണം താന്‍ തെറ്റിച്ചു ......... .അതുമാത്രമല്ല അതിന്റെ ഫലം ആയി ഒരു മനുഷ്യജീവന്‍ ഉണ്ടാവുകയും ചെയ്തു...... . തീര്‍ച്ചയായും കര്‍ത്താവ്‌ ഇത് പൊറുക്കു കേല..........ദൈവമേ തീനരകം ആയിരിക്കുമോ എനിക്ക് നീ വീധിക്കുന്നത്..? ..........അയാളുടെ വിചാരങ്ങള്‍ ഇങ്ങനെ പോയി.


പെട്ടെന്ന് മുറിയിലാകെ ഒരു പ്രകാശം പരന്നു.........ഒരു ചിറകടി ശബ്ദം അടുത്ത് വരുന്നു .
അതെ ....ഒരു മാലാഖ പറന്നു ഇറങ്ങുകയാണ് .
അന്തോണീ ഞാന്‍ ഇവാന്‍ എന്ന മാലാഖ യാണ് ,ഞാന്‍ നിന്നെ കൊണ്ട് പോവുകയാണ് .....മാലാഖ പറഞ്ഞു .

ഗബ്രിയേലും മിഖയെലും ഒന്നുമില്ലരുന്നോ ? അന്തോനി ധൈര്യം സംഭരിച്ച് ചോദിച്ചു .

"അവര്‍ രണ്ടു പേരും ലീവില്‍ ആണ് ". അതാ ഞാന്‍ ഇങ്ങു വന്നത് ! ഇവാന്‍ പറഞ്ഞു
അല്ല മാലാഖ പുണ്യാള! അടക്ക് തീരുമാനിക്കണേല്‍ പിള്ളാരെല്ലാം വരണം ,അച്ഛനെ കാണണം ,പെട്ടി മേടിക്കണം ഇനീം നേരമെത്ര കെടക്കുന്നു? ......... അന്തോണി പറഞ്ഞു .

അതൊക്കെ അവര് വേണ്ട പോലെ ചെയ്തോളും !...ബോഡി ഒക്കെ പുറകെ വരും ഇപ്പോള്‍ ആത്മാവ് മാത്രമെ കൊണ്ടു പോവുന്നുള്ളൂ..... ഇവാന്‍ പ്രതിവചിച്ചു .


ഇരുവരും യാത്ര തുടങ്ങി ."കൂടെ കെടന്ന പെമ്പ്രന്നോത്തി ശോശാമ്മ യോട് പോലും ഒന്നു പറഞ്ഞേച്ചു പോകാന്‍ ഒത്തില്ല "അന്തോണി പരിഭവിച്ചു .മാലാഖ മറുപടി പറഞ്ഞില്ല .

അവളോട്‌ പറയാഞ്ഞത് മോശം ആയി പോയി ,ഒന്നു മില്ലെലും കല്യാണത്തിന് മുമ്പത്തെ ബന്ധവും കുഞ്ഞമ്മിണിയില്‍ തനിക്കുണ്ടായ മോളാണ് ജാന്‍സി എന്നതും അവള്‍ അറിഞ്ഞതാണ് .ജന്‍സിയെ നഴ്സിംഗ് പഠിപ്പിച്ചതും കെട്ടിച്ചു വിട്ടതും താന്‍ ആണെന്നതും അവള്‍ അറിഞ്ഞതാണ് ..എന്നിട്ടും ഒന്നും മുഖം കറുപ്പിച്ച് ഇന്നുവരെ പറഞ്ഞിട്ടില്ല ...........പാവം!


ഒരേ ഒരു പ്രാവശ്യം പറ്റിയ തെറ്റ് തന്നെ കൊണ്ട് ആകാവുന്നത് പോലെ പരിഹരിച്ചിട്ടുണ്ട് ....പക്ഷെ.... കര്‍ത്താവ്‌ അത് പൊറുക്കുമോ !അറിയാമ്മേല.............
അയാളുടെ ചിന്തകള്‍ അങ്ങനെ പോയി ...........

ഇരുവരും ശുദ്ധീകരണ സ്ഥലത്തിന്റെ കവാടത്തില്‍ എത്തി .കോളിംഗ് ബെല്‍ അടിച്ചപ്പോള്‍ ഷാരൂഖ്‌ ഖാനെ പോലെ സുന്ദരനായ ഒരു ക്ലീന്‍ shave മാലാഖ വാതില്‍ തുറന്നു .അടുത്ത മുറിയില്‍ ദൈവം ഇരിപ്പുണ്ട് പോയി കണ്ടോളൂ !മാലാഖ പറഞ്ഞു .

അന്തോണി മുറിയില്‍ കടന്നു ..കമ്പ്യൂട്ടറില്‍ കണ്ണ് നാട്ടു ഒരു വയോധികന്‍ ഇരിക്കുന്നു .നരച്ച് താടിയൊക്കെ ഉണ്ട് ..
അന്തോനിക്കെന്നെ മനസ്സിലായോ? അദ്ദേഹം ചോദിച്ചു ..
ഇല്ല ...
ഞാന്‍ ആണ് ദൈവം ...
എന്റെ പിതാവേ ! അന്തൊനി അറിയാതെ വിളിച്ചു .

നിനക്കെങ്ങോട്ടു പോവാനാ... താത്പര്യം ? ദൈവം ആരാഞ്ഞു .
അതെന്നാ ചോദ്യമാ കര്‍ത്താവേ ! സ്വര്ഗതി പോണം എന്നാണു ...പക്ഷെ ........

ദൈവം : ആറാം പ്രമാണത്തിന്റെ കാര്യമല്ലേ ?അത് ഞാന്‍ ക്ഷമിച്ചു! .
അന്തോണി : മേടക്കലച്ചന്ടടുത് കുമ്പസാരിച്ചത് കൊണ്ടായിരിക്കും അല്ലെ കര്‍ത്താവേ ?
ദൈവം:വാറോതീനാന്റെ കാര്യം മിണ്ടിയാല്‍ നിന്നെ ഇപ്പത്തന്നെ നരകതിലോട്ടു തള്ളും .
അന്തോണി : അതെന്നാ കര്‍ത്താവേ ?
ദൈവം : അവന്‍ ലുവൈനില്‍തിയളോജി പഠിക്കാന്‍ആണെന്ന് പറഞ്ഞു പോയി മദാമേമ് കെട്ടി രണ്ടു പിള്ളാരും ആയി .

അന്തോണി ; അതൊരു തെറ്റാണോ കര്‍ത്താവേ ?
ദൈവം : അല്ല ,പക്ഷെ അവന്‍ അവരേം ഇട്ടേച്ചു പോയി ....
അന്തോണി : എന്നാ പിന്നെ മാണിസ്സാറിന്റെ പാര്‍ട്ടീടെ മണ്ഡലം പ്രസിഡന്റ് ആരുന്ന കൊണ്ടാരിക്കും അല്ലെ ?
ദൈവം: നിന്റെ ശിക്ഷ ഇളവ് ഇപ്പറഞ്ഞതൊന്നും കൊണ്ടും , പള്ളിക്ക് സംഭാവന കൊടുത്തത് കൊണ്ട് ഒന്നും അല്ല ''.
നിന്റെ നല്ല നടപ്പും പശ്ചാത്താപവും കണ്ടിട്ടാണ് .
ഇതു കേട്ടു അന്തോണിയുടെ മനസ്സു നിറഞ്ഞു.

ദൈവം : നീയാ കൊച്ചിനെ നഴ്സിംഗ് ഒക്കെ പഠിപ്പിച്ച് അവളിപ്പം യൂറോപ്പില്‍ എങ്ങാണ്ട് ആണല്ലേ ?
അന്തോണി : അത് പിന്നെ നിനക്ക് അറിയാവുന്നതല്ലേ ..
ദൈവം : അത്ര കൃത്യം ആയിട്ടൊന്നും പിടിപാടില്ല . യൂരോപ്പിലോക്കെ എനിക്ക് കവറേജ്‌ ഇത്തിരി കുറവാ ....അവിടെയൊക്കെ ഇപ്പം ലുസിഫര്‍ ആണ് സര്‍വീസ്‌ .......
പള്ളിയൊക്കെ ഹോട്ടെല്‍ ആക്കുവാണ് ..............
അന്തോണി ; ..... ഞാനും കേട്ടു .....

ദൈവം : നിനക്ക് സ്വഗതിലൊട്ടു പോണേല്‍ ഇച്ചിരെ താമസം വരും എസ്സെമ്മെസ് വരണം !
അന്തോണി :sms ഓ ?
ദൈവം; ശുദ്ധീകരണ സ്ഥലത്തു നിന്നു കയറിപ്പോണേല്‍ വേണ്ടപ്പെട്ടവര്‍ വിധി പോലെ ചെയ്യുന്ന പ്രാര്‍ഥന വേണം എന്ന് നീ കേട്ടിട്ടില്ലേ അന്തോണി ?.
അന്തോണി ; ഒണ്ടു കര്‍ത്താവേ.....
ദൈവം: ഇപ്പം പ്രാര്‍ഥന വരുന്നത് sms വഴിയാണ് .അവിടെ പള്ളിമേടകളില്‍ അതിനുള്ള flexy റീചാര്‍ജ് സൌകര്യമുണ്ട് .... പണമടച്ചാല്‍ sms അച്ചന്‍ മാര്‍ വിട്ടോളും ....................
ഐഡിയ യും അച്ചന്മാരും തമ്മിലുള്ള ഒരു ടൈ അപ്പ്‌ ആണ് .

അന്തോണി : ഓ അതൊക്കെ എന്റെ പിള്ളാര്‌ ചെയ്തോളും ! എന്നാലും ഇങ്ങനോരെടപാട് ഞാന്‍ പോരുമ്പം ഇല്ലാരുന്നല്ലോ?
ദൈവം : യാത്രയില്‍ രണ്ടു മണിക്കൂര്‍ മാത്രമെ തോന്നിയുള്ളൂ എങ്കിലും നീ പോന്നിട്ട് ഭൂമിയിലെ രണ്ടു വര്ഷം ആയി .ഇതിനെടക്കു ഭൂമിയില്‍ ഒത്തിരി മാറ്റങ്ങള്‍ ഉണ്ടായി ..............
ഏതായാലും സമയമാകുന്നത് വരെ നീ ഇവിടെ വെഇറ്റ് ചെയ്യണം , ദൈവം പറഞ്ഞു

ഇവാന്‍ മാലാഖ വീണ്ടും കടന്നു വന്നു അന്തോനിയെ waiting റൂമിലേക്ക്‌ ആനയിച്ചു. റൂമില്‍ ഇരിക്കുന്നവരെ നോക്കി ivaan പറഞ്ഞു ." ഇവിടെ ഇരിക്കുന്ന്നവെരെല്ലാം ഇങ്ങനെ sms കാത്തിരിക്കുന്നവര്‍ ആണ് .നിശ്ചിത സമയപരിധിക്കുള്ളില്‍ ആവശ്യത്തിനു sms ലഭിക്കാത്തവര്‍ എലിമിനഷന്‍ റൌണ്ടില്‍ പുറത്തായി നരകത്തില്‍ പോവും !".

ഏതാനും നിമിഷങ്ങല്‍ക്കുള്ളി ല്‍ തന്നെ ആ അറിയിപ്പ് വന്നു " അന്തോണി ആവശ്യത്തിനു sms തികച്ചിരിക്കുന്നു ,ഇനി സ്വര്‍ഗത്തില്‍ പോകാം !

ഇവാന്‍ തന്നെയാണ് കൊണ്ടുപോവാന്‍ വന്നത് , സ്വര്‍ഗത്തിന്റെ വാതില്‍ തുറന്നപ്പോള്‍ സ്വീകരിക്കാന്‍ നിന്നവരെ കണ്ടു അന്തോണി അമ്പരന്നു , നാട്ടുകാരായ നാരായണന്‍ കുട്ടിയും ബീരനിക്കയും .............
അത്ഭുതപ്പെട്ട അന്തോണി മാലാഖയോട് ചോദിച്ചു " മാലാഖ പുണ്യാളച്ചാ ... നമ്മക്ക് സ്വര്‍ഗം മാറിപ്പോയോ ? ക്രിസ്ത്യാനികളുടെ സ്വര്‍ഗം എവിടെയാ ?

ബ്ലഡി ഫൂള്‍ ! ക്രിസ്ത്യാനിക്കും ,മുസ്ലിമിനും ,നായര്‍ക്കും ,ഈഴവനും ഒന്നും പ്രത്യേകം പ്രത്യേകം സ്വര്‍ഗമോന്നുമില്ല ! എല്ലാവര്ക്കും കൂടി ഒന്ന് മാത്രം !.....ദേവലോകം....
അത് കോട്ടയതല്ലേ ? അന്തോണി വിട്ടില്ല.
അത് അല്ല ഇത് വേറെ !
അപ്പോഴാണ്‌ എതിരെ വന്ന ആളെ അന്തോണി ശ്രദ്ധിച്ചത്‌ .. യേശു !
എന്റെ കര്‍ത്താവേ !
അന്തോണി വിളിച്ചു .
യേശു പുഞ്ചിരി തൂകി ,കുശലം ചോദിച്ചു .

എന്നാലും നീയിവിടെ ഒന്ടായിട്ട്‌ ക്രിസ്ത്യാനികള്‍ക്ക് പ്രത്യേക സ്വര്‍ഗം ഇല്ലാത്തത്‌ എന്നാ ?
അന്തോണി സംശയം ചോദിച്ചു .
"അതൊന്നും ശരിയല്ല , പണ്ടിവിടെ വന്ന ചിലര്‍ ഇവിടെ കുത്തി തിരിപ്പ്‌ ഉണ്ടാക്കാന്‍ നോക്കിയതാ ,
കത്തോലിക്കനും ,ബാവ കക്ഷിക്കും മെത്രാന്‍ കക്ഷിക്കും ,പെന്ടക്കൊസ്തിനും ഒക്കെ പ്രത്യേകം സ്വര്‍ഗം വേണമെന്ന് പറഞ്ഞിട്ട് ,
ദേഷ്യം വന്ന വല്യ പിതാവ് അവന്മാരെ വന്ന വണ്ടിക്കു തന്നെ നരകതിലോട്ടു പായിച്ചു .
മിണ്ടാതിരുന്നോ !വല്യ പിതാവ് കേള്‍ക്കണ്ട !"
ഇത്രയും പറഞ്ഞു യേശു നടന്നു നീങ്ങി.
എല്ലാവര്ക്കും ഒരു സ്വര്‍ഗമേ ഉള്ളൂ എന്നൊന്നും ആരും ഭൂമിയില്‍ വച്ച് പടിപ്പിക്കതത്ത്ത് എന്ത് കൊണ്ടാണെന്ന് അന്തോണി ചിന്തിച്ചു .
ഒരവസരം കിട്ടിയാല്‍ ചെന്ന് പറഞ്ഞു കൊടുക്കാമായിരുന്നു.
ചിന്തകള്‍ ഇങ്ങനെ കാടുകയറി .

ഇവാനോപ്പം തനിക്കു അനുവദിച്ച മുറി ലഷ്യമാകി നടക്കുന്നതിനിടയില്‍ അന്തോണി ചോദിച്ചു
അപ്പം നരകവോക്കെ ഇപ്പഴും ഒന്ടല്ലേ ?എണ്ണയില്‍ വറുക്കലും മുരിക്കുമുള്ളില്‍ ഊര്തലും ഒക്കെ ഇപ്പഴും ഒണ്ടോ ?
"അതൊക്കെ ഇപ്പം നിര്ത്തി എന്നാണു ബെല്സ്‌ ബൂല്‍ ഈയിടെ പറഞ്ഞത് , ഇപ്പം പുതിയ ശിക്ഷാവിധി കള്‍ ഒക്കെ ആണ്."
എന്റെ മാനസപുത്രി എന്ന സീരിയല്‍ റെക്കോര്‍ഡ്‌ ചെയ്തു വച്ചത്‌ റിപ്പീറ്റ്‌ ആയി കാണിക്കും എന്ന് പറയുന്നു . ........
കഴിഞ്ഞ ആഴ്ച മുതല്‍ ഭഗവാന്‍ എന്നോമറ്റോ പേരുള്ള ഉള്ള ഒരു സിനിമയും കാണിക്കുന്നുണ്ടാത്രേ.......
വലിയ ശിക്ഷ കള്‍ ആണെന്നാണ് അവന്‍ പറയുന്നത് ."........
ഇവാന്‍ പറഞ്ഞു നിത്തി .
അന്തോണിയുടെ റൂം ഉള്‍പെടുന്ന ഫ്ലാറ്റില്‍ എത്താറായി . ഫ്ലാറ്റിന്റെ മുന്നില്‍ സുന്ദരന്‍ ആയ ഒരു യുവാവ് നില്ക്കുന്നു ..അന്തോണി യെക്കണ്ട്‌ ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്ത യുവാവ് സ്വയം പരിചയപ്പെടുത്തി.... ഞാന്‍ കൃഷ്ണന്‍!......!

ഏതോ ഒരു കൃഷ്ണന്‍ .....അന്തോണി അത്രെയേ കരുതിയുള്ളൂ.

അത് മനസ്സിലാക്കിയ ഇവാന്‍ മാലാഖ പറഞ്ഞു "ഇതു ഭഗവാന്‍ കൃഷ്ണന്‍ ആണ് ...
സ്തബ്ധനായ അന്തോണി ചോദിച്ചു ,അപ്പൊകൃഷ്ണാ അങ്ങും ഇവിടാണോ താമസം..... ?
"ഞാന്‍ മാത്രമല്ല മുപ്പത്തി മുക്കോടി ദേവകളും ഇവിടെ തന്നെയാണ് .....
ബുദ്ധ ഭഗവാനും ഇവിടെ തന്നെയാണ് ".ഭഗവാന്‍ മറുപടി പറഞ്ഞു .

കലണ്ടറിലും ഭക്തി സീരിഅലിലും കാണുന്ന തിളങ്ങുന്ന ബാലെ വേഷത്തില്‍ അല്ലാതെ
ഭഗവാനെ കണ്ടത്‌ അന്തോണി യെ അത്ഭുതപ്പെടുത്തി .അപ്പം സംഗതികളുടെ കെടപ്പ് ഇങ്ങനെ ഒക്കെ ആണല്ലേ ? അന്തൊനി ചോദിച്ചു.................................

ര്‍ര്‍ ണീം ............... ക്ര്‍ ണീം ............ര്ര്ര്‍ ണീം ..............ക്ര്ര്‍ ണീം ......
ടൈം പീസില്‍ അഞ്ചു മണിക്ക് വച്ച അലാറം അടിക്കുക്കകയാണ് .അന്തോണി ഞെട്ടി എണീറ്റു ..... ങേ കണ്ടത് സ്വപ്നമാരുന്നോ ?.....ഇടതു വശത്ത് ശോശാമ്മ കിടന്നു കൂര്‍ക്കം വലിച്ചു ഉറങ്ങുന്നു .
തട്ടിവിളിച്ചു അന്തോണി ചോദിച്ചു "ടീ ശോശാമ്മേ ,വെളുപ്പന്കാലത്ത് കാണുന്ന കിനാവ് ഫലിക്കുമോടീ ?
ഒന്നു പോ മനുഷ്യ...... എന്ന് പറഞ്ഞു ശോശാമ്മ തിരിഞ്ഞു കിടന്നു .
അന്തോണി കിടക്കയില്‍ എണീറ്റ് കുത്തിയിരുന്നു ..
..ശേ എന്നാലും .......

അന്തോണിയുടെ ആ പ്രഭാതം പുലര്‍ന്നത് പുതിയ ബോധ്യങ്ങളിലെക്കും ഉത്തരം കിട്ടാത്ത സമസ്യകളിലെക്കും ആയിരുന്നു. .

NB: ഒടുക്കത്തെ ഒപ്രീശുമ -അന്ത്യകൂദാശ
ബെല്സ്ബൂല്‍ .- ബൈബിള്‍ കഥകളിലെ ഒരു ഒന്നാന്തരം പിശാച്
വാറോതീനാന്‍ ; അര്‍ഥം വ്യക്തമല്ല ,പിശാച് എന്ന് സൂചിപ്പിച്ച് ദേഷ്യം വരുമ്പോള്‍ പ്രായമായ നസ്രാണി കാരണവന്മാര്‍ വിളിക്കുന്ന ഒരു പേരു .
ഇവാന്‍ എന്നൊരു മാലാഖയെ പറ്റി കേള്‍ക്കാത്തവര്‍ക്കായി അല്പം ചരിത്രം ......
ഇദ്ദേഹത്തിന്റെ പൂര്‍വാശ്രമത്തിലെ പേരു ഈപ്പച്ചന്‍ .മാലാഖ വ്രതവാഗ്ദാനതിനു ശേഷം പരിഷ്കരിച്ചു ഇവാന്‍ ആയി .......

17 comments:

  1. എങ്കിലും തോമ , കുറച്ചു കൂടി നീട്ടാമായിരുന്നു .കഥയുടെ രസം പിടിച്ചു വന്നപ്പോള്‍ ഇയാള്‍ എന്തിനാ നിര്‍ത്തിയത് .

    ReplyDelete
  2. അതാണു സ്വപനം കാപ്പൂ.. രസം പിടിച്ചുവരുമ്പോള്‍ ഉണര്‍ന്നുപോകുന്നു.... ഏതോ ഒരു കോമഡിയില്‍ ജനാര്‍ദനന്‍ പറഞ്ഞതു ഓര്‍മ്മയില്ലേ?

    ReplyDelete
  3. കഴിഞ്ഞ ആഴ്ച മുതല്‍ ഭഗവാന്‍ എന്നോമറ്റോ പേരുള്ള ഉള്ള ഒരു സിനിമയും കാണിക്കുന്നുണ്ടാത്രേ.......
    വലിയ ശിക്ഷ കള്‍ ആണെന്നാണ് അവന്‍ പറയുന്നത് ."........
    :)

    ReplyDelete
  4. എന്റെ കാപ്പിലാനെ എവിടെ എങ്കിലും ഒന്ന് കൊണ്ട് നിര്തെണ്ടേ ...? എല്ലാ സ്വപ്നവും മിക്കപ്പോഴും .പെട്ടെന്ന് തീരുകയാണ് പതിവ് ,
    അന്തോണി ഇനി ചിന്തിക്കട്ടെ
    അയാളുടെ മുന്നില്‍ സാധ്യതകള്‍ ഇഷ്ടം പോലെ ആണല്ലോ ?
    ചിലപ്പോള്‍ ഒന്നും പറയാതെ റബര് വെട്ടി നടന്നു അയാള്‍ വെറുതെ ജീവിച്ചു മരിക്കും.
    ചിലപ്പോള്‍ ഒരു തത്വജ്ഞാനി ആയി മാറി ഒരുപാടു അനുയായികള്‍ ഉള്ള ഒരു ആത്മീയ നേതാവിലെക്കും വളരാം . അയാളുടെ പേരില്‍ ബഹായ്‌ ഒക്കെ പോലെയുള്ള ഒരു മതം തന്നെ രൂപപ്പെട്ടേക്കാം ,.ചിലപ്പോള്‍ ആള്‍ ദൈവം ആവാനും മതി .
    ഹി ഹി ...................അയാളെ അയാളുടെ പാട്ടിനു വിട്ടേക്കാം .....

    ReplyDelete
  5. മൈ ഡീയര്‍ തോമ്മേ, ചിരിച്ച് ഇടപാട് തീര്‍ന്നു...

    ReplyDelete
  6. ..ഇങ്ങനേം മതേതര സ്വപ്നമോ...
    ഹ ഹ ഹ..
    ഇനീപ്പോ എസ് എം എസിനൊക്കെ ആളെ ഏല്‍പ്പിച്ചിട്ട് മരിക്കാം അല്ലെ..? :)

    ReplyDelete
  7. എന്റെ മാനസപുത്രി എന്ന സീരിയല്‍ റെക്കോര്‍ഡ്‌ ചെയ്തു വച്ചത്‌ റിപ്പീറ്റ്‌ ആയി കാണിക്കും എന്ന് പറയുന്നു . ........
    കഴിഞ്ഞ ആഴ്ച മുതല്‍ ഭഗവാന്‍ എന്നോമറ്റോ പേരുള്ള ഉള്ള ഒരു സിനിമയും കാണിക്കുന്നുണ്ടാത്രേ.......
    വലിയ ശിക്ഷ കള്‍ ആണെന്നാണ് അവന്‍ പറയുന്നത് ."........

    ഹ ഹ ഹഹ കലക്കി തോമാച്ചാ, ഇത് നന്നായി

    ReplyDelete
  8. eda nite secular dream ennanu satyam akkuka modiye polullavar ee lokathu jeevichirikkunnu.

    ReplyDelete
  9. സംഭവം കലക്കി കേട്ടോ. രസകരമായ വിവരണം തന്നെ.

    :)

    ReplyDelete
  10. ആഹാ! പരലോക വിവരണം രസകരം.. ഇത്തിരികൂടെ ആകാം എന്ന് കൊതി തോന്നിപോയത് പോസ്റ്റ് വായനയുടെ സുഖം കൊണ്ടാണ്. ഗുഡ്
    :)

    ReplyDelete
  11. ഇത് അടിപൊളിയായിട്ടുണ്ട് തോമ്മാ.....

    ശരിക്കും ആസ്വദിച്ചു.

    നിര്‍ത്തേണ്ടിടത്തു തന്നെയാണ് നിര്‍ത്തിയത്.

    അഭിനന്ദനങ്ങള്‍!
    http://jayandamodaran.blogspot.com/

    ReplyDelete
  12. ഇവാന്‍ മാലാഖ വീണ്ടും കടന്നു വന്നു അന്തോനിയെ waiting റൂമിലേക്ക്‌ ആനയിച്ചു. റൂമില്‍ ഇരിക്കുന്നവരെ നോക്കി ivaan പറഞ്ഞു ." ഇവിടെ ഇരിക്കുന്ന്നവെരെല്ലാം ഇങ്ങനെ sms കാത്തിരിക്കുന്നവര്‍ ആണ് .നിശ്ചിത സമയപരിധിക്കുള്ളില്‍ ആവശ്യത്തിനു sms ലഭിക്കാത്തവര്‍ എലിമിനഷന്‍ റൌണ്ടില്‍ പുറത്തായി നരകത്തില്‍ പോവും !".

    ആഹാ!ശരിക്കും ആസ്വദിച്ചു.....

    ReplyDelete